ലൈവ് റിപ്പോര്‍ട്ടിങ്ങാണെന്ന് ആളുകള്‍ക്ക് മനസിലായില്ല: മണ്ണിടിച്ചില്‍ പ്രദേശത്ത് തനിയെ സംസാരിച്ച് ചുറ്റിക്കറങ്ങുന്ന സ്ത്രീയെ കണ്ട് ഭ്രാന്തിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ചു: പിന്നീട് സംഭവിച്ചത് (വീഡിയോ)

single-img
14 April 2018

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മേഗന്‍ സ്‌കില്ലര്‍ എന്ന വനിതാ റിപ്പോര്‍ട്ടര്‍ക്കുണ്ടായ അനുഭവം ആരെയും ചിരിപ്പിക്കുന്നതാണ്. റിപ്പോര്‍ട്ടറെ കണ്ട് ഭ്രാന്തിയാണെന്ന് തെറ്റിദ്ധരിച്ച് ഒരാള്‍ പൊലീസിനെ വിളിച്ചറിയിച്ചതാണ് പൊല്ലാപ്പായത്. ഈസ്റ്റ് പിറ്റ്‌സ്‌ബെര്‍ഗിലെ റൂട്ട് 30 യില്‍ ഉണ്ടായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു സിബിഎസ് പിറ്റ്‌സ്ബര്‍ഗിലെ റിപ്പോര്‍ട്ടറായ മേഗന്‍ സ്‌കില്ലെര്‍.

ഫെയ്‌സ്ബുക്കിലൂടെ ലൈവ് റിപ്പോര്‍ട്ടിംഗ് ചെയ്യുകയായിരുന്നു മേഗന്‍. ഇതുകണ്ട ഒരാള്‍ മേഗന്‍ തനിച്ച് സംസാരിച്ചു നടക്കുന്ന ഭ്രാന്തിയാണെന്ന് തെറ്റിദ്ധരിച്ചു. ഒരു ഭ്രാന്തി കറങ്ങിനടക്കുന്നുണ്ടെന്ന് ഇയാള്‍ പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി.

ഈ സമയത്തും മേഗന്‍ ലൈവിലായിരുന്നു. ഭ്രാന്തിയായ ഒരു സ്ത്രീ ഇവിടെ തനിയെ സംസാരിച്ച് ചുറ്റിക്കറങ്ങുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് പൊലീസ് മേഗനോട് പറഞ്ഞു. ഇത് ലൈവിലൂടെ ലോകം മുഴുവന്‍ കേള്‍ക്കുകയും ചെയ്തു.

എന്നാല്‍ പൊലീസ് പറയുന്നത് ആദ്യം വിശ്വസിക്കാന്‍ മേഗന്‍ തയ്യാറായില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് തറപ്പിച്ചു പറഞ്ഞതോടെ മേഗന്‍ ചെറുതായി ഞെട്ടി. തെറ്റിദ്ധാരണ ഓര്‍ത്ത് പൊലീസും മേഗനും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.