ഒരു തൊഴിലാളിയെ പുറത്താക്കിയതിനെ ട്രേഡ് യൂണിയന്‍ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിലാദ്യം: വിഷ്ണുവിനെ പുറത്താക്കിയ കോട്ടക് ബാങ്കിന് അഭിവാദ്യമര്‍പ്പിച്ച് NGBISA

single-img
14 April 2018

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി കൊടിപിടിച്ചും കുത്തിയിരുന്നും സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെക്കുറിച്ച് മാത്രമെ നമ്മള്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ ഒരു തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ഉടന്‍ സമരവുമായിറങ്ങുന്ന കാലമൊക്കെ പോയി.

തൊഴിലുടമ ചെയ്തത് ന്യായമാണ് എങ്കില്‍ അതിനു പിന്തുണയുമായി തങ്ങളുമുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനയായ ന്യൂജനറേഷന്‍ ബാങ്ക് ആന്‍ഡ് ഇന്‍ഷുറന്‍സ് സ്റ്റാഫ് അസോസിയേഷന്‍. കശ്മീരിലെ കത്വവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കോട്ടക് ബാങ്കിന്റെ നടപടിയെ NGBISA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് അഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ വിഷ്ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാക്കുറ്റത്തിന് കേസ് എടുത്തു. 163 എ പ്രകാരം മതസ്പര്‍ധ വളര്‍ത്താനായി പ്രവര്‍ത്തിച്ചതിനു കൊച്ചി പനങ്ങാട് പൊലീസാണു കേസെടുത്തത്. ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി… അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു ഇയാളുടെ കമന്റ്.

സമൂഹമാധ്യമങ്ങള്‍ ആ ക്രൂരതയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ വിവാദം കത്തുകയായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ വിഷ്ണു നന്ദകുമാറിനെ അദ്ദേഹം ജോലി ചെയ്യുന്ന കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ജോലിയില്‍നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ സഹോദരനും ആര്‍എസ്എസ് നേതാവുമായ ഇ.എന്‍. നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍. നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും രാജ്യാന്തര പുസ്തകോത്സവ സമിതി കണ്‍വീനറുമാണ് ഇ.എന്‍. നന്ദകുമാര്‍.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലായിരുന്നു വിഷ്ണുവിന്റെ മനഃസാക്ഷിയില്ലാത്ത കമന്റ്. സംഭവം കൈവിട്ടതോടെ ഇയാള്‍ ഫെയ്‌സ്ബുക് ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എറണാകുളം പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായ വിഷ്ണുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാംപെയ്ന്‍ നടന്നിരുന്നു.

നിഷ്‌കളങ്കയായ ബാലികയെ അതിക്രൂരമായി മാനഭംഗം ചെയ്തവരെ അനുകൂലിക്കുന്നവരെ ബാങ്ക് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വികാരം. പ്രതിഷേധം കടുത്തതോടെ ബാങ്ക് വിഷ്ണു നന്ദകുമാറിനെതിരെ നടപടി സ്വീകരിച്ച് തലയൂരുകയായിരുന്നു.