കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ്ങില്‍ മേരികോമിന് സ്വര്‍ണം

single-img
14 April 2018

ഗോള്‍ഡ് കോസ്റ്റ്; ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. പതിനൊന്നാം ദിനമായ ഇന്ന് ആദ്യ സ്വര്‍ണം ബോക്‌സിങ്ങ് റിങ്ങില്‍ നിന്നാണ്. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിങ്ങില്‍ മേരി കോം സ്വര്‍ണമണിഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോമിന്റെ സ്വര്‍ണ നേട്ടം.

ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം 18 ആയി ഉയര്‍ന്നു. ഫൈനലില്‍ 50 എന്ന നിലയിലാണ് (3027, 3027, 2928, 3027, 2027) അഞ്ചു തവണ ലോക ചാമ്പ്യനായ മോരികോമിന്റെ വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. 2014ല്‍ ഗ്ലാസ്‌കോയില്‍ വെച്ച് നടന്ന ഗെയിംസിലാണ് വനിതാ വിഭാഗം ബോക്‌സിങ്ങ് ഇനം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ മേരികോമിന് അന്ന് ഗെയിംസിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.