താന്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്; അല്ലാതെ മോദിയെ പ്രകീര്‍ത്തിച്ചിട്ടില്ലെന്ന് കെവി തോമസ് എംപി

single-img
14 April 2018

മോദിയെ പ്രകീര്‍ത്തിച്ച് താന്‍ സംസാരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംപി. താന്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് കെവി തോമസ് വിശദീകരിച്ചു.

ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങള്‍ മാനേജ്‌മെന്റ് സ്‌കില്ലോടുകൂടി നരേന്ദ്രമോദി നടപ്പിലാക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. ഇതു സംബന്ധിച്ചു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചതിനു പിന്നാലെയാണു കെ.വി.തോമസിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ‘കംഫര്‍ട്ടബിള്‍’ മോദിക്കൊപ്പം’

തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കെ.വി. തോമസ് എംപി. ഇതു നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.വി. തോമസ്.

‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. ബൊഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും മോദി സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.

മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല.’ കെ.വി. തോമസ് പറഞ്ഞു.