മോദിയെ പരിഹസിച്ച് പാട്ട് പാടി: തമിഴ് ഗായകന്‍ കോവനെ അറസ്റ്റ് ചെയ്തു

single-img
14 April 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയതിന് തമിഴ് നാടോടിഗായകനും ആക്ടിവിസ്റ്റുമായ കോവനെ(എസ്.ശിവദാസ്) പോലീസ് അറസ്റ്റ് ചെയ്തു. കാവേരിപ്രശ്‌നത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടുള്ള ഗാനമാണ് കോവന്‍ കഴിഞ്ഞദിവസം ആലപിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും കോവന്‍ പരിഹസിച്ചിരുന്നു. കാവേരിപ്രശ്‌നത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ അവസരത്തിലാണ് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്ത് കോവന്‍ പാട്ട് പാടിയത്.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ പങ്കുവയ്ക്കുകയും വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ബിജെപി യൂത്ത് വിംഗ് സെക്രട്ടറി എന്‍.ഗൗതം നല്‍കിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്. പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലാണുള്ളത്. തമിഴ്‌നാട്ടിലും അങ്ങനെ ചെരിപ്പുകളാണ് ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്റെ പാട്ടിന്റെ ഉള്ളടക്കം.