കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ‘സ്വര്‍ണ്ണക്കൊയ്ത്ത്’

single-img
14 April 2018

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പത്താം ദിനം ആറു സ്വര്‍ണവുമായി ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ബോക്‌സിങ്ങ് റിങ്ങില്‍ രണ്ട് സ്വര്‍ണം ഇടിച്ചിട്ട ഇന്ത്യ ഗോദയിലും രണ്ട് സ്വര്‍ണം പിടിച്ചെടുത്തു. പുരുഷന്‍മാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും സ്വര്‍ണം നേടി.

വനിതകളുടെ 48 കിലോ ബോക്‌സിങ്ങില്‍ മേരികോം സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന് ആദ്യസ്വര്‍ണമാണ് ഇത്. വനിത ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മാനിക ബാദ്രയും സ്വര്‍ണം നേടി. 50 കിലോ ഫ്രീസ്‌റ്റൈല്‍ നോര്‍ഡിക്കില്‍ വിനേഷ് ഫൊഗാട്ട് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 24ആയി. 86 കിലോ ഫ്രീസ്‌റ്റൈലില്‍ സോമവീര്‍ വെങ്കലവും സ്വന്തമാക്കി.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും വിനേഷ് സ്വര്‍ണമണിഞ്ഞിരുന്നു. വനിതകളുടെ 62 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലികും പുരുഷന്‍മാരുടെ 86 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സോംവീറും വെങ്കലം സ്വന്തമാക്കി.
കാനഡയുടെ ജെസീക മക്‌ഡൊണാള്‍ഡിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് സ്വര്‍ണമണിഞ്ഞത്.

125 കിലോ ഫ്രീസ്‌റ്റൈലില്‍ നൈജീരിയയുടെ സിനിവി ബോള്‍ട്ടിക്കിനെ മലര്‍ത്തിയടിച്ചാണ് സുമിത് മാലിക്കിന്റെ സ്വര്‍ണ നേട്ടം. അതേസമയം വനിത ഹോക്കി വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റു (6-0). വനിതകളുടെ 4X400 മീറ്റര്‍ റിലേ ഫൈനലിലും ഇന്ത്യ നിരാശപ്പെടുത്തി, ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ഇന്ത്യക്ക് സാധിച്ചുള്ളു.