അബുദാബിയിലെ ‘ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

single-img
14 April 2018

അബുദാബി: യു.എ.ഇ രാഷ്ട്രപിതാവിന് ആദരമായി സ്ഥാപിച്ച സ്ഥായിയായ സ്മാരകം ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിനും ലോകത്തിനും മേല്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശാലമായ സ്വാധീനവും ഉദ്‌ഘോഷിക്കാനായി സ്ഥാപിച്ച ഫൗണ്ടേഴ്‌സ് മെമോറിയല്‍ രാഷ്ട്രപിതാവിന്റെ ജീവിത സന്ദേശവും പൈതൃകവും സന്ദര്‍ശകരിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വാതില്‍ തുറക്കുന്നത്.

അബുദാബി കോര്‍ണിഷില്‍ 3.3 ഹെക്ടറിലായി മനോഹരമായ ഭൂപ്രകൃതിയോടെ ഒരുക്കിയിരിക്കുന്ന സ്മാരകത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ സ്മാരകം പ്രവര്‍ത്തിക്കും. പബ്ലിക് ആര്‍ട്ടിസ്റ്റ് റാല്‍ഫ് ഹെല്‍മിക് ഡിസൈന്‍ ചെയ്ത ശൈഖ് സായിദിന്റെ ത്രിമാന പോര്‍ട്രെയ്‌റ്റോടെയുള്ള കോണ്‍സ്റ്റലേഷനാണ് സ്മാരകത്തിന്റെ പ്രധാന ആകര്‍ഷണം.

സ്മാരകത്തിന്റെ ഒത്ത മധ്യത്തിലാണ് കോണ്‍സ്റ്റലേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്ന ഫെബ്രുവരി 26നാണ് കോണ്‍സ്റ്റലേഷനും പ്രകാശനം ചെയ്തത്. സ്വാഗതകേന്ദ്രം മുതല്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാവുന്ന വിധമാണ് സ്മാരകത്തിന്റെ നിര്‍മാണം.