ബേബി വൈപ്പ്‌സ് ഉപയോഗിക്കരുത്…

single-img
14 April 2018

എല്ലാ ബേബി വൈപ്പ്‌സുകളും പരസ്യം ചെയ്യുന്നത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ സുരക്ഷിതമെന്നാണ്. ജനിച്ചു വീഴുന്ന അന്ന് മുതല്‍ മിക്കവരും തന്നെ വൈപ്പ്‌സ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്‌സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയശേഷമെ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈപ്പ്‌സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി വരുത്തിവെയ്ക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ബേബി വൈപ്പ്‌സില്‍ കണ്ടു വരുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് സോഡിയം ലൗറ്‌ലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS). വൈപ്പ്‌സ് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ തൊലിപ്പുറം വൃത്തിയാക്കുമ്പോള്‍ എസ്എല്‍എസ് തൊലിപ്പുറത്ത് തങ്ങിനില്‍ക്കും. ഇത് സ്‌കിന്നിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ നശിപ്പിക്കും.

ഇത് അലര്‍ജികള്‍ക്ക് കടന്ന് കൂടാനുള്ള അവസരമൊരുക്കും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അലര്‍ജിയായി പുറത്തുവരികയും ചെയ്യും. ഇതോടൊപ്പം തന്നെ ബേബി വൈപ്പ്‌സില്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കാറുണ്ട്. ഫിനോക്‌സൈതനോളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രിസര്‍വേറ്റീവുകളില്‍ ഒന്ന്.

എക്‌സീമ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക ബേബി വൈപ്പ്‌സിലും സുഗന്ധത്തിനായി ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കാറുണ്ട്. പല കെമിക്കലുകളുടെയും മിശ്രിതമാണിത്. അതുകൊണ്ടുതന്നെ ബേബി വൈപ്പ്‌സ് ഉപയോഗം നല്ലതല്ലെന്നാണ് ഇവര്‍ പറയുന്നത്.