കുപ്രസിദ്ധിയാര്‍ജ്ജിച്ച ആലുവ റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

single-img
14 April 2018

കൊച്ചി: ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെത്തുടര്‍ന്നാണ് ഫോഴ്‌സ് പിരിച്ചുവിട്ടത്. കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടര്‍ന്നാണു നടപടി.

ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോവാനും നിര്‍ദേശിച്ചു. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്.

എആര്‍ ക്യാമ്പുകളിലെ പോലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കോ ഇവരില്‍ യാതൊരു അധികാരവുമില്ല. ഇവര്‍ സ്‌റ്റേഷന്‍ പരിധിയില്‍ എത്തുന്നത് സിഐമാരോ എസ്‌ഐമാരോ അറിയാറുമില്ല. മിക്കവാറും മഫ്തിയിലായിരിക്കും ഇവരുടെ വരവ്.

ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ള പൊലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലാത്തവരാണ് ഇവര്‍. അതുകൊണ്ടു തന്നെ ഇവരുടെ മുറകള്‍ അതിരുവിടുന്നുവെന്നും നിയന്ത്രിച്ചില്ലെങ്കില്‍ സേനയ്ക്കാകെ കളങ്കമാകുമെന്നു ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവര്‍ കൈകാര്യം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ പറവൂരില്‍ മുങ്ങിമരിക്കാന്‍ ഇടയായ സാഹചര്യത്തിലായിരുന്നു അത്.