‘ആസിഫ കേരളത്തില്‍ പുനര്‍ജനിച്ചു’: മകള്‍ക്ക് ആ ബാലികയുടെ പേരിട്ട മലയാളി യുവാവിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

single-img
14 April 2018

കശ്മീരിന്റെ താഴ്വരയില്‍ അതിക്രൂരമായി മാനഭംഗം ചെയ്ത് കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യജനത വേവുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ്. എട്ടുവയസുകാരിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തന്റെ കുഞ്ഞിന് ആസിഫ എന്ന് പേരിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ രജിത്ത് റാം.

മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ മാധ്യമ പ്രവര്‍ത്തകനാണ് തന്റെ മകള്‍ക്ക് ആസിഫ രാജ് എന്ന് പേരിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ തന്റെ കുഞ്ഞിന്റെ ചിത്രം സഹിതമാണ് രജിത്തിന്റെ പോസ്റ്റ്. ‘പേരിട്ടു; അതെ, അതു തന്നെ. ആസിഫ എസ്.രാജ്. എന്റെ മോളാണവള്‍’ എന്നാണ് രജിത് റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വന്‍ പ്രതികരണമാണ് പോസ്റ്റിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 12 മണിക്കൂറിനകം തന്നെ ലൈക്കുകളുടെ എണ്ണം 20,000 കവിഞ്ഞു. 15000ത്തോളം പേരാണ് ഈ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് ഷെയര്‍ചെയ്തത്. ഫെബ്രുവരി 4 നാണ് രജിത്തിന്റെ രണ്ടാമത്തെ മകള്‍ പിറന്നത്.

മകള്‍ക്ക് പേരന്വേഷിച്ചു നടക്കുന്നതിനിടെയായിരുന്നു എട്ടു വയസ്സുകാരി പെണ്‍കുട്ടിക്കു നേരെയുള്ള ക്രൂരമായ അക്രമം കശ്മീരിലെ കഠുവയില്‍ അരങ്ങേറിയത്. അതാണ് മകള്‍ക്ക് അത്തരമൊരു പേരിടാന്‍ കാരണമെന്ന് രജിത് റാം പറയുന്നു.

‘കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് എട്ട് വയസ്സാണ് പ്രായമെങ്കില്‍ എന്റെ മൂത്ത മകള്‍ക്ക് 7 വയസ്സാണ് പ്രായം. മനുഷ്യത്വമുള്ള ആര്‍ക്കും തോന്നാവുന്ന കാര്യങ്ങളില്‍ ഒന്നാണ് ഞാന്‍ ചെയ്തത്. മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല ഇങ്ങനൊരു തീരുമാനമെടുത്തത്. ആശയം ഭാര്യയുമായി പങ്ക് വെച്ചിരുന്നു. അങ്ങനെ ഞാനും ഭാര്യയും ഒന്നിച്ചെടുത്ത തീരുമാനമാണത്’. രജിത് റാം പറയുന്നു.