നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട: ജനറല്‍ കംപാര്‍ട്ട്‌മെന്റ് യാത്രക്കാര്‍ക്കും ഇനി മൊബൈലില്‍ ടിക്കറ്റെടുക്കാം

single-img
13 April 2018

നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട. നാളെ മുതല്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ മതിയാകും. തിരുവനന്തപുരം, കൊച്ചുവേളി, നാഗര്‍കോവില്‍, കന്യാകുമാരി, കുഴിത്തുറ, വര്‍ക്കല ശിവഗിരി, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം, എറണാകുളം ജംങ്ഷന്‍, കൊല്ലം, തിരുവല്ല, തൃശൂര്‍, ചങ്ങനാശേരി, എറണാകുളം ടൗണ്‍, ആലുവ, കോട്ടയം, ഗുരുവായൂര്‍ എന്നീ പതിനെട്ടു സ്ഥലങ്ങളിലാണ് ആപ്പ് നാളെ പ്രവര്‍ത്തനം ആരംഭിക്കുക.

ടിക്കറ്റ് എടുത്താല്‍ രണ്ടു മണിക്കൂറിനകം യാത്ര നടത്തണം. ട്രാക്കില്‍ നിന്ന് 25 മുതല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുമാത്രമേ ടിക്കറ്റ് എടുക്കാന്‍ സാധിക്കൂ. യാത്രക്കാര്‍ മൊബൈല്‍ നമ്പര്‍ ആപ്പിന്റെ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യണം. ആപ്പു വഴിയോ, www.utsmobile.indianrail.gov.in വെബ്‌സൈറ്റു മുഖേനയോ ഇതു നടത്താം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ റയില്‍വേ വാലറ്റ് ലഭിക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ്, പേയ് ടി.എം പോലുള്ള വാലറ്റുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ റയില്‍വേ വാലറ്റിലേക്ക് പണം നിറയ്ക്കാം.

UTS on Mobile എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ജനറല്‍ ടിക്കറ്റുകള്‍ എടുക്കുന്നതിനു പുറമെ സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും ആപ്പ് ഉപകാരപ്പെടും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചെടുത്ത ടിക്കറ്റ് കൈമാറാന്‍ പറ്റില്ലെന്ന പ്രത്യേകത കൂടിയുണ്ട്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറുമായി ടിക്കറ്റ് ബന്ധിപ്പിച്ചിരിക്കും.