ഇരപിടിക്കുന്നത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ മൂര്‍ഖന്‍ പാമ്പ് ഒരു മണിക്കൂറോളം ‘ഉപരോധിച്ചു’: കൂത്താട്ടുകുളത്തെ ബിജെപി ഓഫീസിനു മുന്നില്‍ നാടകീയ രംഗങ്ങള്‍

single-img
13 April 2018

ബിജെപി ഓഫീസിനു മുമ്പില്‍ മൂര്‍ഖന്‍ പാമ്പ് ഉപരോധം തീര്‍ത്തപ്പോള്‍ അങ്കലാപ്പിലായത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളത്തെ ബിജെപി ഓഫീസിനുമുമ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വഴിയിലൂടെ വന്ന ഒരു എലിയുടെ പിന്നാലെ വന്നതാണ് മൂര്‍ഖന്‍.

വന്നെത്തിയതാകട്ടെ ബിജെപി ഓഫീസിനുമുമ്പിലും. പിന്നീട് അവിടെയിരുന്നായി ബാക്കിയുള്ള അങ്കം. സംഭവസമയത്ത് 15 പ്രവര്‍ത്തകരാണ് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്. അവര്‍ ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറകളിലേക്ക് പകര്‍ത്തി. ക്യാമറയുടെ ഫ്‌ളാഷുകള്‍ തെരുതെരെ തെളിഞ്ഞപ്പോള്‍ മൂര്‍ഖന്‍ അവര്‍ക്ക് നേരെ പത്തിവിടര്‍ത്തി ചീറ്റി.

മൂര്‍ഖന്‍ പത്തി വിടര്‍ത്തുന്ന പുതിയ രംഗങ്ങളും പ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഫ്‌ളാഷുകള്‍ മിന്നിച്ചു. ഇതോടെ മൂര്‍ഖന്‍ ഇവര്‍ക്കുനേരെ ചീറിയടുത്തു. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കതകടച്ചു. കതകിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ചെരുപ്പുകളില്‍ ചുറ്റി മൂര്‍ഖന്‍ പത്തി വിടര്‍ത്തി നിലയുറപ്പിച്ചു. ഇതിനിടയില്‍ എലി ജീവനും കൊണ്ട് രക്ഷപെട്ടു.

ഓഫീസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഗ്രില്ലിലൂടെ പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂര്‍ഖന്‍ ഗ്രില്ലിനടുത്തേക്ക് പാഞ്ഞടുത്തു പത്തി വിടര്‍ത്തി നിന്നു. പാമ്പിനെ മാറ്റാന്‍ വലിയ കമ്പ് ഉപയോഗിച്ച് ഗ്രില്ലിന്റെ കമ്പിയില്‍ തട്ടി അകത്തുള്ളവര്‍ ശബ്ദമുണ്ടാക്കി.

എന്നാല്‍ മൂര്‍ഖന്‍ പോയില്ല. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകള്‍ ബി.ജെ.പി. ഓഫീസിനു സമീപത്തേക്കെത്തി. വന്നവരില്‍ ചിലര്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. മുറിക്കുള്ളില്‍ കുടുങ്ങിയ ആളുകളേയും ചിത്രങ്ങളില്‍ കാണാമായിരുന്നു.

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയതോടെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. പാമ്പിന്റെ അടുത്തേക്കെത്താനും, പാമ്പിനെ ഓടിച്ച് മാറ്റാനും എല്ലാവരും ഭയപ്പെട്ടു. ഇതിനിടയില്‍ പ്രദേശിക ടി.വി. ചാനലിന്റെ ക്യാമറമാന്‍ മനു അടിമാലി എത്തി. പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്റെ ശ്രദ്ധതിരിക്കുന്നതിനായി വലിയ കമ്പ് കൊണ്ട് മനു നിലത്ത് തോണ്ടി ശബ്ദമുണ്ടാക്കി.

വാതിലിനു മുന്നില്‍ നിന്നും പാമ്പ് പതുക്കെ ഇഴഞ്ഞു നീങ്ങി. പാമ്പ് വാതിലിനു മുന്നില്‍ നിന്നും നീങ്ങിയതോടെ മുറിക്കുള്ളില്‍ കുടുങ്ങിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു.