എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്നതിനെ കുറിച്ച് ഓര്‍ക്കുക: ഉന്തുംതള്ളുമുണ്ടാക്കുന്നവര്‍ വീടുകളിലേക്കു മടങ്ങൂ; അര്‍ദ്ധരാത്രി സമരത്തില്‍ താരമായി പ്രിയങ്ക ഗാന്ധി വദ്ര

single-img
13 April 2018

ന്യൂഡല്‍ഹി: ഉന്നാവോ, കത്വ പീഡനങ്ങളില്‍ നീതി ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ മെഴുകുതിരി പ്രതിഷേധത്തില്‍ അപ്രതീക്ഷിത താരമായി പ്രിയങ്ക ഗാന്ധി. രാത്രി പന്ത്രണ്ടിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഇന്ത്യാ ഗേറ്റിലെത്തിയത്.

കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും നിശബ്ദ സാന്നിധ്യമായി നിന്ന പ്രിയങ്ക, രാഹുല്‍ ഗാന്ധിക്കൊപ്പം തന്നെ നിന്ന് അണികള്‍ക്ക് നേതൃത്വം നല്‍കി. ഇതിനിടെ ഉന്തുംതള്ളും ബഹളവുമുണ്ടാക്കിയവരോടു പ്രിയങ്ക ക്ഷുഭിതയായി. ഉന്തുംതള്ളുമുണ്ടാക്കുന്നവര്‍ വീടുകളിലേക്കു മടങ്ങൂ. സമാധാനത്തില്‍ നിശബ്ദമായി നടക്കൂ.

എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്നതിനെ കുറിച്ച് ഓര്‍ക്കുക എന്ന് പ്രിയങ്ക പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവര്‍ത്തകരുടെ തിക്കും തിരക്കും വകവയ്ക്കാതെ അമര്‍ ജവാന്‍ ജ്യോതിക്കു സമീപത്ത് അണികള്‍ക്കൊപ്പം മുഴുവന്‍ സമയവും പ്രിയങ്കയുണ്ടായിരുന്നു.

ബാരിക്കേഡും പൊലീസ് സുരക്ഷാവലയവും ഭേദഗിച്ച് മുന്നോട്ട് പോയ പ്രിയങ്കയ്ക്ക് പിന്നാലെ സ്ത്രീ പുരുഷ ഭേദമെന്യേ അണികളും ഒപ്പംകൂടി. അമര്‍ജവാന്‍ ജ്യോതിക്ക് സമീപത്ത് തിക്കുംതിരക്കിനുമിടയില്‍ പ്രിയങ്ക കുത്തിയിരുന്നു. ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.