ആശുപത്രിയില്‍ നിന്നുള്ള ഡ്രെയിനേജ് പൊട്ടിയൊഴുകുന്നു: പൂജപ്പുരയില്‍ 700 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

single-img
13 April 2018

റോഡ് നിറഞ്ഞൊഴുകുന്ന ആശുപത്രി മാലിന്യം, ഒപ്പം അസഹ്യ ദുര്‍ഗന്ധവും… കഴിഞ്ഞ ഒരാഴ്ചയായി പൂജപ്പുര ചിത്ര നഗര്‍ റസിഡന്‍സ് അസോസിയേഷനിലെ 700 ഓളം കുടുംബങ്ങള്‍ മൂക്കുംപൊത്തിപിടിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികാരികള്‍ക്ക് ഇപ്പോഴും അനങ്ങാപ്പാറ നയമാണ്.

നൃത്താലയം ആശുപത്രിയില്‍ നിന്നാണ് ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള മാലിന്യം കലര്‍ന്ന ജലം റസിഡന്‍സ് അസോസിയേഷന്‍ പരിധിപ്രദേശങ്ങളിലേക്ക് ഒഴുകുന്നത്. റോഡ് നിറഞ്ഞൊഴുകുന്ന മലിനജലത്തില്‍കൂടി വേണം അസോസിയേഷന്‍ പരിധിയിലുള്ള വീട്ടുകാര്‍ക്കു സഞ്ചരിക്കാന്‍.

ഡ്രെയിനേജ് അധികൃതരോട് നിരവധി തവണ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ പ്രദേശ വാസികളില്‍ നിന്നും ശക്തമായ പ്രതിഷേധത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഇവരുടെ നീക്കം.