തിരുവനന്തപുരത്ത് മുഖംമൂടി ആക്രമണം: ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

single-img
13 April 2018

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് സജിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 9.45ന് കരമന ജംഗ്ഷനിലായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ സജിയെ പി.ആര്‍.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പോകുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

തടയാന്‍ ശ്രമിച്ച പ്രകാശിനേയും അക്രമിച്ചു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്നും മുന്‍പ് തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നും പരുക്കേറ്റ സജിയെ സന്ദര്‍ശിച്ച ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍ ആരോപിച്ചു