ഹിന്ദു സംഘടനകളുടെ ഭീഷണി; കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയുടെ കുടുംബം നാട് വിട്ടു

single-img
13 April 2018

ശ്രീനഗര്‍: കാശ്മീരിലെ കത്‌വ ജില്ലയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു. കാശ്മീരിലെ രസാന ഗ്രാമത്തിലെ വീടും കുടുംബവും വിട്ട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുകയാണെന്ന് ആസിഫാ ബാനുവിന്റെ പിതാവ് മുഹമ്മദ് യൂസഫ് പറഞ്ഞു. ഭാര്യയേയും രണ്ട് കുട്ടികളുമായാണ് മുഹമ്മദ് യൂസഫ് നാട് വിടുന്നത്.

നേരത്തെ, ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം ആസിഫയുടെ കുടുംബം കാഷ്മീരില്‍നിന്നു പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു വയസുകാരി ആസിഫയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷമാണു കത്വയിലെ ക്ഷേത്രത്തിനകത്തുവച്ച് എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്.

ജനുവരി 10 നാണ് ആസിഫയെ കാണാതാകുന്നത്. പിന്നീട് ഏഴു ദിവസത്തിനുശേഷം സമീപത്തെ വനപ്രദേശത്തുനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കസാന ഗ്രാമവാസിയായ കുഞ്ഞ് ആസിഫ വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്കു പോയതായിരുന്നു.

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൂട്ടമാനഭംഗത്തിന് അവസരമൊരുക്കുകയായിരുന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചതിനോടുള്ള പ്രതികാരമായിരുന്നു ക്രൂരപീഡനവും കൊലപാതകവും.

സഞ്ജി റാം ക്ഷേത്രത്തില്‍ പ്രാര്‍ഥനകളും പൂജയും നടത്തിയതിനു ശേഷമാണു കുട്ടിയെ പീഡിപ്പിച്ചത്. എട്ടു പ്രതികളില്‍ ഒരാളെ മീററ്റില്‍നിന്നു വിളിച്ചുവരുത്തുകയായിരുന്നു. ജനുവരി 15നാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്. പോലീസുകാരനായ ഖജൂരിയയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് വിവാദമായിരുന്നു.