സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍: ഒപികള്‍ പ്രവര്‍ത്തിക്കുന്നില്ല, ജനം ദുരിതത്തില്‍

single-img
13 April 2018

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെത്തുടര്‍ന്നാണ് സമരം. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിയാണ് സമരം പ്രഖ്യാപിച്ചതെന്നതു കൊണ്ട് തന്നെ സമരത്തെക്കുറിച്ചറിയാതെ ആശുപത്രികളിലെത്തിയ രോഗികള്‍ വലഞ്ഞു. ഇന്നലെ രാത്രി 8 മണിക്കാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. അധിക ഡ്യൂട്ടി സമയത്തു ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സി.കെ. ജസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം.

ഉച്ചയ്ക്ക് ഒന്നര മുതല്‍ ആറുവരെയുള്ള ജോലിസമയത്തു ഹാജരാകാതിരുന്നതിനാലാണ് ഡോ സി.കെ. ജസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തത്. വൈകിയ സമര പ്രഖ്യാപനമായതു കൊണ്ട് ബദല്‍ സംവിധാനം കാര്യക്ഷമമായി ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തിരുവനന്തപുരം ജനറലാശുപത്രിയില്‍ കരാറടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരാണ് നിലവില്‍ പരിശോധിക്കുന്നത്.

മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രമായിരിക്കും കിടത്തി ചികില്‍സ നല്‍കുക. ശനിയാഴ്ച മുതല്‍ കിടത്തി ചികില്‍സയും നിര്‍ത്തും.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനഃക്രമീകരിച്ചിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണു ഡോക്ടര്‍മാരുടെ പരാതി. ഒപി സമയം കൂട്ടിയ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നു പറഞ്ഞ ആരോഗ്യമന്ത്രി ജോലിഭാരം കൂടിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡോക്ടര്‍മാരുടെ നീക്കത്തിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.