കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

single-img
13 April 2018

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ‘നോ നീഡില്‍ പോളിസി’ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍.

ഇവരുടെ ബാഗില്‍നിന്നു സിറിഞ്ച് കണ്ടെടുത്തതിനു പുറമേ മുറിക്കു പുറത്തുനിന്നു സൂചിയും കണ്ടെത്തി. ഇവരുടെ മുറിക്കുപുറത്തുനിന്നു സൂചി കണ്ടെത്തിയത് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. രക്തസാംപിള്‍ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായില്ല.

നാളെ നടക്കാനിരുന്ന ട്രിപ്പിള്‍ ജംപ് ഫൈനല്‍ മല്‍സരത്തിനു രാകേഷ് യോഗ്യത നേടിയിരുന്നു. ഇര്‍ഫാന്റെ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. അതേസമയം, വിറ്റമിന്‍ കുത്തിവയ്പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അതോറിറ്റി തള്ളിക്കളഞ്ഞു. ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനും അറിയിച്ചു.