ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു

single-img
13 April 2018

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

വ്യാഴാഴ്ച വൈകുന്നേരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവോയിലെ സെംഗര്‍, മാഖി പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നു കേസുകളാണ് സിബിഐ അന്വേഷിക്കുക.

നേരത്തെ, സര്‍ക്കാരിനുനേരെ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് കുല്‍ദീപ് സിങ് സെംഗാറിന്റെ പേരില്‍ യു.പി പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്.

എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ആരോപണവിധേയനായ എം.എല്‍.എയെ എന്തുകൊണ്ട് ഇനിയും അറസ്റ്റുചെയ്തില്ലെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണു യുവതി മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവു പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്.