ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം; 20 കോടിയുടെ ക്രിപ്‌റ്റോകറന്‍സി ഹാക്കര്‍ അടിച്ചുമാറ്റി

single-img
13 April 2018

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. രാജ്യത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറില്‍നിന്നാണ് 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷ്ടിക്കപ്പെട്ടത്.

ഡിജിറ്റല്‍ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണ്. 438 ബിറ്റ്‌കോയിനുകളാണു കളവുപോയത്. സ്ഥാപനത്തിന്റെ വാലറ്റില്‍നിന്നു പലപ്പോഴായാണ് ഇത്രയും ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ടതെന്നും ഓഫ്‌ലൈനായി സൂക്ഷിച്ചിരുന്ന കോയിനുകള്‍ പാസ്‌വേഡ് ഉപയോഗിച്ചു മോഷ്ടിച്ചതായാണു കരുതുന്നതെന്നും ഡല്‍ഹി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയില്‍ പറയുന്നത്. ഹാക്കര്‍മാരെ കണ്ടെത്താന്‍ കമ്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങള്‍ എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാല്‍ വിജയിച്ചില്ല.

മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കല്‍റ പറഞ്ഞു. അതേസമയം, കമ്പനി സിഎസ്ഒ അമിതാബ് സക്‌സേന സംശയനിഴലിലാണ്. ഇയാള്‍ രാജ്യംവിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനോടു കമ്പനി ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ, ബിറ്റ്‌കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസില്‍ ഗെയ്ന്‍ ബിറ്റ്‌കോയിന്‍ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സിയും.