യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസും രംഗത്ത്

single-img
12 April 2018

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നാണ് ആര്‍എസ്എസിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതൃത്വവും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ രണ്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി യു.പിയിലെത്തി. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍എസ്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി.

കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നും കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

ഗോരഖ്പൂരിലെ മഠം സ്ഥിതിചെയ്യുന്ന വാര്‍ഡും ലോക്‌സഭാ മണ്ഡലവും നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്ക് മാത്രമാണെന്നും പ്രവര്‍ത്തന ശൈലി ഏകപക്ഷീയമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി.