ഉന്നാവോയില്‍ പതിനെട്ടുകാരിയെ ബിജെപി എംഎല്‍എ മാനഭംഗത്തിനിരയാക്കിയ കേസ്: സിബിഐ അന്വേഷിക്കും

single-img
12 April 2018

Support Evartha to Save Independent journalism

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയെ ബിജെപി എംഎല്‍എ മാനഭംഗത്തിനിരയാക്കിയ സംഭവം സിബിഐ അന്വേഷിക്കും. ഇരയുടെ നിരന്തര പ്രതിഷേധത്തിനൊടുവിലാണ് കേസെടുത്തത്. ബലാത്സംഗ കേസിന്റേയും, കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിന്റേയും അന്വേഷണം സിബിഐക്ക് വിടാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.

ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമുണ്ടായത്. നൂറോളം അനുയായികള്‍ക്കൊപ്പം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ കുല്‍ദീപ് സിങ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തയത് ഏറെ നാടകീയത സൃഷ്ടിച്ചു. കീഴടങ്ങാനാണ് എംഎല്‍എ എത്തിയതെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

എന്നാല്‍ താന്‍ ഇവിടെ തടിച്ചുകൂടിയ മാധ്യമങ്ങളെ കാണാനാണ് വന്നതെന്നായിരുന്നു കുല്‍ദീപ് സിങ് പ്രതികരിച്ചത്. ഞാന്‍ ഒളിവിലല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഇവിടെ എത്തിയത്. ഞാന്‍ ഇവിടെ തന്നെയുണ്ട്, ഞാന്‍ അച്ചടക്കമുള്ള ബിജെപി പ്രവര്‍ത്തകനും നിരപരാധിയുമാണ്, എന്താണ് ഞാന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് അനുയായികള്‍ക്കൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു.

ഇതിന് ശേഷമാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ബലാത്സംഗ കേസിനൊപ്പം പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവവും സിബിഐ അന്വേഷിക്കും. പിതാവിന്റെ കസ്റ്റഡി മരണത്തില്‍ നേരത്തെ എംഎല്‍എയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ മുഴുവന്‍ വിവരങ്ങളും സിബിഐയ്ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് താന്‍ ബലാത്സംഗത്തിനിരയായതെന്നാണ് ഉന്നവ് സ്വദേശിയായ 16കാരിയുടെ പരാതി.

ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ്‌ക സ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.