പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം കൈപറ്റാതെയെന്ന് ടോമിച്ചന്‍ മുളകുപാടം

single-img
12 April 2018

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു മോഹന്‍ലാല്‍ വൈശാഖ് ചിത്രം പുലിമുരുകന്‍. ആദ്യ ദിന കളകഷന്‍, ടോപ്പ് വീക്കെന്‍ഡ് കളക്ഷന്‍, അതിവേഗം 20, 30, 40 ,50 കോടി ക്ലബ്ബ്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഷോസ് കളിച്ച ചിത്രം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, അങ്ങനെ നീളുന്ന എണ്ണിയാല്‍ തീരാത്ത പുലിമുരുകന്‍ നേടിയെടുത്ത റെക്കോര്‍ഡുകളുടെ എണ്ണം.

ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പുലിമുരുകനിലൂടെ 100 കോടി ക്ലബ്ബിലേക്കുള്ള മലയാള സിനിമയുടെ എന്‍ട്രി. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച പുലിമുരുകന്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ 150 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി പുതിയ ചരിത്രവും കുറിച്ചിരുന്നു.

എന്നാല്‍ പുലിമുരുകന്‍ റിലീസായി ഇരുപത്തിയഞ്ചാം ദിവസം മാത്രമാണ് മോഹന്‍ലാല്‍ തന്റെ പ്രതിഫലം കൈപ്പറ്റിയതെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തി. ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച രാമലീലയുടെ 111 ദിനങ്ങളുടെ വിജയാഘോഷ ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് ടോമിച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘സാമ്പത്തികമായി ഏറെ സഹായിച്ചത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമാണ്. സിനിമ റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലിന് പ്രതിഫലം കൊടുക്കുന്നത്. ഉദ്ദേശിച്ചതിലും മൂന്നിരട്ടി അധികമാണ് പുലിമുരുകന് പ്രൊഡക്ഷന്‍ എക്‌സ്‌പെന്‍സ് വന്നത്.

ഇതിന്റെ ഷൂട്ടിംഗ് സമയത്ത് ആളുകള്‍ എനിക്ക് എന്തോ തലയ്ക്ക് അസുഖമാണെന്ന് വരെ പറഞ്ഞു. ഷൂട്ടിംഗ് നൂറു ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ടു പോയപ്പോഴാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയത്. ഏറെ ക്ലേശിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത.

200 ദിവസം ലാല്‍ സാര്‍ ആ ചിത്രത്തില്‍ അഭിനയിച്ചു. സാമ്പത്തികമായി പോലും സഹായിക്കുകയും ചെയ്തു. മലയാളം ഇന്‍ഡസ്ട്രി തന്നെ ഓര്‍ക്കേണ്ട കാര്യമാണത്- ടോമിച്ചന്‍ പറഞ്ഞു. ‘തിയേറ്റര്‍ ഉടമകള്‍ സിനിമ ഓടിക്കാന്‍ തയാറാകാത്തത് കൊണ്ടാണ് രാമലീലയുടെ റിലീസ് നീണ്ടുപോയത്.

ദിലീപിന്റെ സിനിമ ആയത് കൊണ്ടാണ് അന്ന് ആളുകള്‍ എടുക്കാന്‍ മടി കാണിച്ചത്. ജുലൈ മാസത്തില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. പക്ഷെ, സിനിമ ഓടിക്കേണ്ടെന്ന് തീയേറ്ററുകാര്‍ തീരുമാനിച്ചതോടെ പ്രശ്‌നത്തിലായി. നമ്മളെ കാണുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. പടം ഓടിക്കാമെന്നൊക്കെ പറയും. പിന്നീട് വിളിക്കുമ്പോള്‍ ഡേറ്റ് ഇല്ല തുടങ്ങിയ ഒഴിവ്കഴിവുകള്‍ പറയും’- ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

2007ല്‍ ഫഌഷ് എന്ന സിനിമ തുടങ്ങിയത് മുതല്‍ എനിക്ക് ആന്റണിയുമായി ബന്ധമുണ്ട്. ഇന്നും ഒരു കുടുംബം പോലെ പോകുന്നു. പുലിമുരുകന്റെ ഷൂട്ടിംഗിന്റെ സമയത്ത് എല്ലാ ദിവസങ്ങളിലും ആന്റണി വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ അന്വേഷിക്കുമായിരുന്നുവെന്നും ടോമിച്ചന്‍ പറഞ്ഞു.