ചരിത്രം രചിച്ച് കിഡംബി ശ്രീകാന്ത്; ബാഡ്മിന്റണില്‍ ഒന്നാം റാങ്ക്

single-img
12 April 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സ്റ്റാര്‍ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത്.

നേരത്തെ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്ത് ഉള്‍പ്പെട്ട സഖ്യം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയാണ് ശ്രീകാന്ത്. പരിശീലകനെന്ന നിലയില്‍ പുല്ലേല ഗോപീചന്ദിന്റെ വലിയ നേട്ടം കൂട്ടിയാണിത്. സൈന നേഹ്‌വാവാളും ശ്രീകാന്തും ഒന്നാം സ്ഥാനത്ത് എത്തുമ്പോള്‍ ഗോപീചന്ദായിരുന്നു ഇരുവരുടെയും പരിശീലകന്‍.

കഴിഞ്ഞ വര്‍ഷം നാല് പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ ശ്രീകാന്തിന് സാധിച്ചിരുന്നു. ഇന്തോനേഷ്യ, ആസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് ഓപ്പണുകള്‍ ശ്രീകാന്ത് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനം ഒന്നാം സ്ഥാനത്ത് എത്താന്‍ ശ്രീകാന്തിന് സാദ്ധ്യത ഉണ്ടായിരുന്നെങ്കിലും പരിക്ക് വിനയാവുകയായിരുന്നു.