കരിങ്കൊടി പേടിച്ച് യാത്ര ഹെലികോപ്റ്ററിലാക്കി മോദി: ചെന്നൈയിലെത്തിയ മോദിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ #GoBackModi ഹാഷ്ടാഗില്‍ ലക്ഷകണക്കിന് ട്വീറ്റുകള്‍

single-img
12 April 2018

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. നിരത്തുകളില്‍ കറുത്ത ബലൂണ്‍ പറത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ച ജനങ്ങള്‍ ട്വിറ്ററില്‍ മോദിക്ക് ഗോബാക്ക് വിളിച്ചു. വഴിയില്‍ പ്രതിഷേധിച്ചവരുടെ പ്ലക്കാര്‍ഡുകളിലും എഴുതിയിരുന്നത് ഗോബാക്ക് മോദി എന്ന് തന്നെയായിരുന്നു.

മോദിയ്‌ക്കെതിരെ പല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധമാണ് ചെന്നൈയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി റോഡ് യാത്രകളും മുഖാമുഖവും ഒഴിവാക്കിയത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലാണെത്തിയത്.

അതിനുശേഷം അദ്ദേഹം അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും വ്യോമമാര്‍ഗമാണ് പോയത്. മോദിക്ക് പറന്നെത്താനുള്ള സൗകര്യത്തിനായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനുമിടയിലുള്ള മതില്‍ പൊളിച്ചു. ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ അധികൃതര്‍ ഒരു ഹെലിപാട് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

റോഡിലിറങ്ങേണ്ടെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്തെത്തി. ‘നിങ്ങള്‍ക്കെന്താ ധൈര്യമില്ലേ മോദീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചിരിക്കുന്നില്ല? ഹെലികോപ്റ്ററില്‍ നിങ്ങള്‍ നേരിട്ട് ഐ.ഐ.ടിയിലെത്തും.

ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് താങ്കള്‍ക്ക് കടക്കാന്‍ ഒരു മതില്‍ പൊളിച്ചിരിക്കുന്നു. ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രി ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊരു ഭീരുവാണ്. കരിങ്കൊടികൊണ്ടെന്താ ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ? നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ?’ വൈക്കോ ചോദിക്കുന്നു.

അതേസമയം ഇന്ന് രാവിലെ മുതല്‍ തുടങ്ങിയതാണ് ട്വിറ്ററിലെ പ്രതിഷേധങ്ങള്‍. ഉച്ചയായപ്പോഴേക്കും #GoBackModi ആഗോള ട്രെന്‍ഡിങ് ടോപ്പിക്കായി മാറി. ഈ വാര്‍ത്ത എഴുതുമ്പോള്‍ 130,000 + ട്വീറ്റുകളാണ് #GoBackModi ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ടത്.


https://twitter.com/TrollywoodOffl/status/984337001775226880