ആ വാര്‍ത്ത തെറ്റ്: ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് മോദിസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് എണ്ണക്കമ്പനികള്‍

single-img
12 April 2018

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധന തത്കാലം പാടില്ലെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് എണ്ണക്കമ്പനികള്‍. ഇന്ധന വിലവര്‍ധന രാജ്യവ്യാപകമായി ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതിനിടെ, അടിക്കടി വില വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു.

കര്‍ണാടകത്തില്‍ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയലക്ഷ്യം മുന്നില്‍ക്കണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് വിലവര്‍ധന നീട്ടിവെക്കാനുള്ള തന്ത്രത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ എഒസിയുടെയും എച്ച്പിസിഎല്ലിന്റെയും കര്‍ണാടക വിഭാഗം വ്യക്തമാക്കി.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന വിലവര്‍ധന തത്കാലം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പെട്രോള്‍വില 80 രൂപയോളം വര്‍ധിക്കുകയും ഡീസല്‍ വിലയിലും സമാനമായ രീതിയില്‍ വര്‍ധനയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

വിലവര്‍ധന നിയന്ത്രിക്കാനുള്ള നിര്‍ദേശം കൈമാറിയെന്ന വിവരം പുറത്തുവന്നതോടെ എഒസി ഷെയറുകളില്‍ 7.6 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. എച്ച്പിസിഎലിന് ആവട്ടെ ഓഹരികളില്‍ 8.3 ശതമാനം ഇടിവാണുണ്ടായത്.