സ്‌റ്റേ നീങ്ങി; വിഷുവിന് മഞ്ജുവാര്യരുടെ ‘മോഹന്‍ലാല്‍’ എത്തും

single-img
12 April 2018

തൃശൂര്‍: മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ റിലീസിംഗിന് തൃശൂര്‍ അതിവേഗകോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ പിന്‍വലിച്ചു. സിനിമയുടെ കഥയുടെ അവകാശവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായതോടെയാണ് സ്‌റ്റേ നീക്കിയത്.

ഇതോടെ വിഷുവിന് ‘മോഹന്‍ലാല്‍’ വരുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു.

‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കരപേടിയാണ്’ എന്ന തന്റെ കഥാസമാഹാരം അതേപടി പകര്‍ത്തിയാണ് ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ തിരക്കഥ സുനീഷ് വരനാട് എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കലവൂര്‍ രവികുമാര്‍ കോടതിയില്‍ പരാതി നല്‍കിയത്. നേരത്തെ സമാന പരാതിയുമായി ഫെഫ്കയെയും രവികുമാര്‍ സമീപിച്ചിരുന്നു.