മോദിയെ പ്രതിഷേധക്കാര്‍ തമിഴ്‌നാട്ടിലേക്ക് വരവേറ്റത് കറുത്ത ബലൂണ്‍ പറത്തി

single-img
12 April 2018

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി പ്രക്ഷോഭം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്.

ഇന്ന് രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. അതേസമയം കാവേരി പ്രശ്‌നത്തില്‍ മോദിക്കെതിരേ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ വിമാനത്താവളത്തിലും പരിസരത്തും നടത്തുന്നത്.

വിമാനത്താവളത്തിന് മുന്‍പില്‍ കറുത്ത ബലൂണുകള്‍ പറത്തിയും മോദിക്കെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാര്‍ കൊണ്ടുവന്ന കറുത്ത ബലൂണുകള്‍ പൊലീസുകാര്‍ കുത്തിപ്പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയുടെ പലഭാഗത്തും പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഇറങ്ങാതെ ഹെലികോപ്റ്ററിലാണ് മോദിയുടെ യാത്ര. വിവിധ സംഘടനകള്‍ കരിങ്കൊടികളുമായും പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.