രാവിലെ 06.40 ന് പ്രഭാതഭക്ഷണം; ഉച്ചയ്ക്ക് 2.25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചഭക്ഷണം: ഇന്ന് നിരാഹാരമാണെന്ന് പറഞ്ഞിരുന്ന മോദിയുടെ ഭക്ഷണ മെനു പുറത്ത്

single-img
12 April 2018

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും നടത്തുന്ന നിരാഹാര സമരത്തിനെതിരെ കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. നിരാഹാര ദിവസത്തെ മോദിയുടേയും അമിത്ഷായുടേയും ഭക്ഷണത്തിന്റെ മെനുവാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജേവാല പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങളടങ്ങിയ കുറിപ്പിനൊപ്പമാണ് ഭക്ഷണത്തിന്റെ മെനുവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ രാവിലത്തെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലും ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണെന്നും മെനു പറയുന്നു.

രാവിലെ 06.40നാണ് മോദിയുടെ പ്രഭാതഭക്ഷണം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉച്ചക്ക് 02.25നാണെന്നും ഭക്ഷണ മെനു പറയുന്നു. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി താങ്കളുടെ നിരാഹാര സമരത്തിന് എല്ലാ ആശംസകളും. ഇനി ഈ മെനുവും ഒരു നുണയാണെന്ന് പറയൂ’ എന്നാണ് രണ്‍ദീപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രമേഹമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉപവാസം ഒരു മണിക്കൂറാക്കി ചുരുക്കിയ അമിത് ഷാക്കെതിരെയും രണ്‍ദീപ് സിംങ് പരിഹാസം ചൊരിയുന്നുണ്ട്. ഒരു മണിക്കൂറുകൊണ്ടു തീരുന്ന അമിത്ഷായുടെ തട്ടിപ്പ് ഉപവാസത്തിന് എല്ലാ ഭാവുകങ്ങളുമെന്നാണ് രണ്‍ദീപിന്റെ മറ്റൊരു ട്വീറ്റ്.

ബജറ്റ് സമ്മേളനത്തെ അട്ടിമറിച്ചവരെ തുറന്നുകാണിക്കാന്‍ എല്ലാവരും ഉപവാസമിരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി എം പി മാര്‍ക്ക് പരസ്യമായി നല്‍കിയ ഉപദേശം. പാര്‍ട്ടി തയ്യാറാക്കിയ ഉപവാസ ഷെഷ്യൂള്‍ അനുസരിച്ച് രാജ്യത്താകമാനം പരിപാടി നടക്കുമായിരുന്നു.

ഇതനുസരിച്ച് അമിത് ഷാ കര്‍ണാടയിലും രാജ്‌നാഥ്‌സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ ഡെല്‍ഹിയിലും ജെ പി നഡ്ഡ വാരണാസിയിലും രവിശങ്കര്‍ പ്രസാദ് പട്‌നയിലും ഉപവാസമിരിക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിരുന്നത്. മോദിയുടെ നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ചെന്നൈയിലെത്തുന്ന മോദി നിരാഹാരത്തിലായിരിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ഭക്ഷണ മെനു പുറത്തുവന്നത്. അതേസമയം ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടികളുമായും ഗോബാക്ക് വിളികളുമായിട്ടുമാണ് തമിഴ്‌നാട് ജനത വരവേറ്റത്. ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിച്ചത്.

ചെന്നൈ എയര്‍പോര്‍ട്ടിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡു വഴിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. ഇതോടെ കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടും ഒരു വിഭാഗം പ്രതിഷേധിച്ചു.

സോഷ്യല്‍ മീഡിയകളിലും പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റായിരിക്കുകയാണ്.

‘നിങ്ങളൊരു ഭീരുവാണ് മോദീ; കരിങ്കൊടികൊണ്ട് ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ: നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ? : തമിഴ് ജനതയുടെ പ്രതിഷേധത്തില്‍ ഞെട്ടി ബിജെപി