സുപ്രീം കോടതിയുടെ നിലനില്‍പ്പ് തന്നെ അപകടത്തില്‍; ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല; ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

single-img
12 April 2018

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്. സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ കേന്ദ്രതീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കുര്യന്‍ ജോസഫിന്റെ കത്ത്.

ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ ജസ്റ്റിസ് കുര്യന്‍ ജോസഫും രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിയ കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ് സുപ്രീംകോടതി ഇനിയും മൗനം തുടരരുത് എന്നാവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

സുപ്രീംകോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. ഇനിയും മൗനം തുടര്‍ന്നാല്‍ അതിന് ചരിത്രം മാപ്പ് തരില്ലെന്നും കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നിര്‍ദേശം ഉണ്ടായത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ കേന്ദ്രം യാതൊരു തീരുമാനവും എടുക്കുന്നില്ല. ഇതില്‍ സുപ്രീംകോടതിയും ഒന്നും പ്രതികരിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് പോലും അന്വേഷിക്കാത്ത സുപ്രീംകോടതി നടപടി ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള ഒരു ഏഴംഗ ഭരണഘടനാ ബെഞ്ചിന് ഉടന്‍ രൂപം നല്‍കണം. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഏറ്റവും ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും എത്തിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ തിരിച്ചടിയാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് ആര്‍ ഗൊഗോയ്, ജസ്റ്റിസ് എം.ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങുന്നതാണ് നിലവിലെ സുപ്രീകോടതി കൊളീജിയം.