ഫെയ്‌സ്ബുക്കിന്റെ സ്ഥാനം കീഴടക്കാന്‍ ‘ഹലോ’ വരുന്നു

single-img
12 April 2018

Donate to evartha to support Independent journalism

ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെ ഫെയ്‌സ്ബുക്ക് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സോഷ്യല്‍മീഡിയയായ ഫെയ്‌സ്ബുക്കിന്റെ സ്ഥാനം കീഴടക്കാന്‍ ‘ഹലോ’ വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഒരു കാലത്ത് യുവാക്കളെ കൈയിലെടുത്തിരുന്ന ഓര്‍ക്കുട്ടിന്റെ സ്ഥാപകനാണ് ‘ഹലോ’യെന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍. 2004ല്‍ ഓര്‍ക്കുട്ട് ബുയോകോട്ടന്‍ എന്ന ടര്‍ക്കിഷ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് ഓര്‍ക്കുട്ടിനു രൂപം നല്‍കിയത്. വളരെപ്പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ഓര്‍ക്കുട്ടിന് സാധിച്ചു.

പിന്നീട് ഫെയ്‌സ്ബുക്കുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തിയതോടെ ഓര്‍ക്കുട്ട് പിന്തള്ളപ്പെട്ടു. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെത്തിയതോടെ ഓര്‍ക്കുട്ട് തന്നെ ഇല്ലാതായി. ആദ്യകാലത്ത് ഓര്‍ക്കുട്ടിന് ഏറ്റവും കൂടുതല്‍ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു.

ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പ്രതിസ്ഥാനത്ത് എത്തിയതോടെയാണ് ഹലോ എന്ന തന്റെ പുതിയ സംരംഭവുമായി ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ഓര്‍ക്കുട്ട് ബുയോകോട്ടന്റെ ശ്രമം.

ഫെയ്‌സ്ബുക്കിനേക്കാള്‍ സുരക്ഷ ഉറപ്പുനല്‍കിക്കൊണ്ടാണ് ഹലോയെന്ന പേരില്‍ ഓര്‍ക്കുട്ടിന്റെ രണ്ടാം വരവെന്നും ഓര്‍ക്കുട്ട് ബുയോകോട്ടന്‍ ഉറപ്പുനല്‍കുന്നു.