ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തത് ഭിക്ഷാടനം നടത്താന്‍ സാധ്യത ഉള്ളതിനാലെന്ന് കേന്ദ്രം

single-img
12 April 2018

ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തത് അവര്‍ ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളത് കൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഭിന്നശേഷിക്കാര്‍ ഹജ്ജിന് പോകുന്നതില്‍ സൗദി അറേബ്യയില്‍ യാതൊരു വിലക്കും ഇല്ലെന്നിരിക്കെയാണ് അക്കാര്യം മറച്ചുവച്ചുള്ള വിശദീകരണം.

ഭിന്നശേഷിക്കാര്‍ ഹജ്ജിന് പോകുന്നത് വിലക്കിയ പുതിയ ഹജ്ജ് നയത്തിലെ വിവാദഭാഗങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്‌ക്രീനിംഗിന് ശേഷം മാത്രമേ ഹജ്ജിന് പോകാന്‍ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാവൂയെന്ന് 2012 ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചിരുന്നു. സൗദി അറേബ്യയില്‍ ഭിക്ഷാടനം നിരോധിച്ചതിനാലാണ് ഇതെന്നും ന്യൂനപക്ഷകാര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മാനസിക വിഭ്രാന്തി ഉള്ളവരെയും വികലാംഗരേയും ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്നാണ് നയത്തില്‍ പറയുന്നത്. ഹജ്ജിന് പോകുന്ന ഭിന്നശേഷിക്കാര്‍ക്ക് സൗദി അറേബ്യയില്‍ മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുവമ്പോഴാണ് സര്‍ക്കാര്‍ അക്കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത്. വികലാംഗര്‍, മനോവിഭ്രാന്തി ഉള്ളവര്‍ തുടങ്ങിയ വാക്കുകള്‍ നയത്തില്‍ ഉപയോഗിച്ചത് സാധാരണക്കാര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണെന്ന വിചിത്രവാദവും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.