ഇത് അവധിക്കാലം; ‘No’ അല്ലെങ്കില്‍ ‘അരുത്’ എന്ന് പറയുവാന്‍ കുട്ടികളെ പഠിപ്പിക്കുക: രക്ഷിതാക്കളോട് ഒരു ഡോക്ടര്‍ പറയുന്നത്

single-img
12 April 2018

കുട്ടികളോടുള്ള ലൈംഗികചൂഷണം നിത്യവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. അവധിക്കാലം വന്നെത്തി. കുട്ടികളെ അടുത്ത വീടുകളില്‍, ബന്ധുക്കളുടെ വീടുകളില്‍ കൊണ്ടു വിടുമ്പോള്‍ ശ്രദ്ധിക്കുക. ബാല ലൈംഗിക പീഡനത്തിന് ഒരു കുട്ടിയും ഈ വേനല്‍ അവധിക്കാലത്ത് ഇരയാകാരുത്.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

സ്വകാര്യ ഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ തൊടുകയോ, ഉമ്മവെക്കുകയോ, ചെയ്യുകയാണെങ്കില്‍ അമ്മയോടൊ, അച്ഛനോടോ പറയണം എന്ന് പറയുക. ഇത് പല രക്ഷകര്‍ത്താക്കളും കുട്ടികളോട് പറയാന്‍ മടിക്കുന്നു. മടിക്കേണ്ട കാര്യം ഒന്നും തന്നെയില്ല, നിങ്ങള്‍ തീര്‍ച്ചയായും കുട്ടികളോട് ഇത് പറയണം.

‘No’ അല്ലെങ്കില്‍ ‘അരുത്’ എന്ന് പറയുവാന്‍ കുട്ടികളെ പഠിപ്പിക്കുക. അങ്കിള്‍ ആണല്ലോ നോ പറയണോ എന്ന് ചിന്തിക്കാതെ, ആരായാലും നോ പറയേണ്ട സാഹചര്യം ആണെങ്കില്‍ പറയുക എന്ന് പഠിപ്പിക്കുക. എന്തും മക്കള്‍ക്ക് തുറന്ന് രക്ഷകര്‍ത്താകളോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. എന്തിനും ഏതിനും വഴക്കു പറഞ്ഞു അവരില്‍ നിങ്ങളോട് അകാരണമായ ഭയം ഉണ്ടാക്കാതെയിരിക്കുക.

വേദനയോടെ തന്നെ കുറിക്കട്ടെ കൂടുതലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ അധികവും അടുത്ത ബന്ധുക്കളോ, അവരെ അടുത്ത് അറിയാവുന്നവരോ ആകാം. നമ്മള്‍ കുട്ടികളെ മുതിര്‍ന്നവരെ അനുസരിക്കുവാന്‍ പഠിപ്പിക്കുന്നു. പക്ഷെ കുട്ടികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊട്ടാല്‍ അവരെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ടോ? അതു കൂടി കുട്ടികളോട് പറയുക.

കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുക്കളുടെ വീട്ടിലോ ആക്കി ജോലിയ്ക്ക് പോകുന്നവര്‍ ഒരു വ്യക്തിമാത്രമുള്ള വീടുകള്‍ അല്ലാതെയുള്ള വീടുകളില്‍ ആക്കുന്നതാവും നല്ലത്. രാത്രി കുട്ടികളെ കഴിവതും ഉറങ്ങുവാന്‍ നേരമാകുമ്പോള്‍ തിരികെ വീട്ടില്‍ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ അതാകും നല്ലത്. പല കുട്ടികളും രാത്രികളില്‍ ബന്ധുക്കള്‍ പോലും അവരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാം.

‘മോനെ,അല്ലെങ്കില്‍ മോളെ നമുക്കു ഒരു കളി കളിക്കാം. മോന്റെ അവിടെ ചേട്ടന്‍ തൊടാം. മോന്‍ ചേട്ടന്റെ അവിടെയും തൊടണം, എന്ന രീതിയില്‍ ഒരു ഗെയിം അല്ലെങ്കില്‍ ഇതൊരു കളിയായി അവതരിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ പറയുക ഒരു രീതിയിലും സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത് കളിയല്ലെന്നും, ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ വന്നു പറയുവാനും പഠിപ്പിക്കുക.

‘നീ വീട്ടില്‍ പറഞ്ഞാല്‍ നിനക്ക് തന്നെയാ നാണക്കേട് ‘ അല്ലെങ്കില്‍ ‘ നീ വീട്ടില്‍ പറഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ വിഷമിക്കും, നിന്നെ അവര്‍ അടിക്കും’ എന്നോക്കെ പറഞ്ഞു കുട്ടികളെ അവര്‍ ഭയപ്പെടുത്താം. കുട്ടികളോട് നിങ്ങള്‍ പറയണം നിങ്ങള്‍ക്ക് എന്ത് വിഷമം വന്നാലും എന്നോട് പറയണം, സ്വകാര്യ ഭാഗങ്ങളില്‍ തോട്ട് ഉപദ്രവിച്ചാല്‍ തീര്‍ച്ചയായും പറയണം. അമ്മയ്ക്ക് ദേഷ്യം വരില്ല കേട്ടോ. തുറന്ന് പറയണം എന്ന് പഠിപ്പിക്കുക.

ഇതൊക്കെ ആണെങ്കിലും ചിലപ്പോള്‍ അവര്‍ നിങ്ങളില്‍ നിന്ന് മോശം അനുഭവങ്ങള്‍ പല കാരണകള്‍ കൊണ്ട് മറച്ചു വെക്കാം. പീഡിപ്പിക്കപ്പെടുന്ന 10 കുട്ടികളില്‍ ഒരു കുട്ടി മാത്രമേ ഇതിനെകിരിച്ചു രക്ഷകര്‍ത്താക്കളോട് തുറന്നു പറയാറുള്ളൂ. അതുകൊണ്ട് കുട്ടികളില്‍ പതിവില്ലാത്ത മാറ്റം പെരുമാറ്റത്തിലോ, സംസാരത്തിലോ, പഠനത്തിലോ ഉണ്ടായാല്‍ ശ്രദ്ധിക്കുക. വിഷമിക്കാതെ അവരോട് തുറന്ന് സംസാരിക്കുക. അച്ഛനോ, അമ്മയ്‌ക്കോ ആകാം. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ ഒരു സൈക്കളോജിസ്റ്റിനെ കുട്ടിയെ കാണിക്കുക.

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരെ സസൂക്ഷ്മം ശ്രദ്ധിക്കുക. തിരക്കു പിടിച്ച ജീവിതത്തില്‍ അവരെ ശ്രദ്ധിക്കുവാന്‍ പ്രത്യേകം ശ്രമിക്കണം. വിടര്‍ന്നു വരുന്ന പനിനീര്‍പ്പൂക്കളാണ് അവര്‍. അതില്‍ ഒരു കൃമിയും കടന്നു കൂടി അതിന്റെ ഇതളുകള്‍ പോലും കേടു വരരുത്. അനുവദിക്കരുത്.

ഡോ.ഷിനു ശ്യാമളന്‍