മാണിയെ കുറ്റവിമുക്തനാക്കുന്നതിനെ ചൊല്ലി തര്‍ക്കം: കോടതിയില്‍ നാടകീയ രംഗങ്ങള്‍

single-img
12 April 2018

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. വിജിലന്‍സിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനാണ് വിജിലന്‍സിന് വേണ്ടി ഹാജരായത്. എന്നാല്‍, ഇതിനെ വിജിലന്‍സിന്റെ തന്നെ നിയമോപദേശകന്‍ എതിര്‍ത്തു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.

ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതോടെ കേസ് ജൂണ്‍ ആറിനു പരിഗണിക്കാനായി മാറ്റി. മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യൂതാനന്ദന്‍, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ ഉള്‍പ്പെടെ ആറുപേര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. അതിനിടെ മന്ത്രി സുനില്‍ കുമാറിന് പകരം പികെ രാജു കേസില്‍ കക്ഷി ചേര്‍ന്നു.

മന്ത്രിയായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ സിപിഎമ്മിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ കക്ഷിയായ വൈക്കം വിശ്വന്റെ അഭിഭാഷകന്‍ ഹാജരാകത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസയച്ചു.

അതേസമയം ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍പറയുന്നത്.

മൊഴി നല്‍കാന്‍ ബിജു രമേശ് ഒഴികെയുള്ള ഒരു ബാര്‍ ഉടമയും തയ്യാറായിരുന്നില്ല. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയേയും അറിയിച്ചിരുന്നു. വി.എസിന്റേത് ഉള്‍പ്പെടെയുള്ള നിരവധി ഹര്‍ജികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം.