വെള്ളാപ്പള്ളി നടേശന് തിരിച്ചടി: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

single-img
11 April 2018

കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കും മറ്റുള്ളവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് വിജിലന്‍സ് സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിനെതിരേയാണ് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം. കേരളം മുഴുവന്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. വിജിലന്‍സിനു പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിന്നാക്കക്ഷേമ കോര്‍പറേഷന്‍ എംഡി എന്‍.നജീബിനെ കേസില്‍നിന്ന് ഒഴിവാക്കി.

പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഎസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തിയിരുന്നു.

15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിജിലന്‍സിന്റെ നിരീക്ഷണം. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. ഡോ എംഎന്‍ സോമന്‍, കെകെ മഹേഷ്, ദിലീപ്കുമാര്‍, എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.