വെള്ളാപ്പള്ളിക്കെതിരെ കുമ്മനം രാജശേഖരന്‍: ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് നടേശനല്ല, തുഷാറാണ്

single-img
11 April 2018

തിരുവനന്തപുരം: ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാറാണെന്നും അല്ലാതെ വെള്ളാപ്പള്ളി നടേശനല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തുന്ന പ്രതികരണങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും കുമ്മനം പറഞ്ഞു.

ബി.ഡി.ജെ.എസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടില്ല. സീറ്റ് ചോദിച്ചതായി ബി.ഡി.ജെ.എസും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ഇത്തരത്തില്‍ കേള്‍ക്കുന്നതെല്ലാം എല്ലാം വെറും മാധ്യമ സൃഷ്ടികള്‍ മാത്രമാണ്. തങ്ങള്‍ സീറ്റ് ചോദിച്ചിട്ടില്ലെന്നും സീറ്റ് തരാമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്നുമാണ് ബി.ഡി.ജെ.എസ് പറഞ്ഞത്.

അല്ലെങ്കില്‍ അവര്‍ പറയട്ടെ എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്ഥാപിച്ച ശേഷം, അത് നിഷേധിച്ചു എന്നു വരുത്തിത്തീര്‍ത്ത് എന്‍ഡിഎയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇതൊക്കെ. ഈ വസ്തുത ബി.ജെ.പിയും ബി.ഡി.ജെ.എസും തിരിച്ചറിഞ്ഞിരിക്കുന്നതിനാല്‍ എന്‍.ഡി.എയുടെ കെട്ടുറപ്പിന് ഒന്നും സംഭവിക്കില്ലെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുമ്മനം പറഞ്ഞു.