ജോലി സ്ഥലത്ത് തുല്യഅവകാശം: ചരിത്രപരമായ തീരുമാനവുമായി യു.എ.ഇ.

single-img
11 April 2018

യു.എ.ഇ.യില്‍ ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനിമുതല്‍ തുല്യവേതനം ലഭിക്കും. തൊഴില്‍സ്ഥലത്ത് ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലിംഗവിവേചനമില്ലാതെ തുല്യഅവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് യു.എ.ഇ. ഭരണഘടന. ഭരണഘടനാപരമായ ഈ അവകാശം കൃത്യമായി നടപ്പാക്കുന്നെന്ന് പുതിയ നിയമം ഉറപ്പുവരുത്തുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ലോകത്താദ്യമായി സ്ഥാപനങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കുന്ന ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് യു.എ.ഇ. പുറത്തിറക്കിയിരുന്നു.

യു.എ.ഇ.യിലെ പൊതുസ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. യു.എ.ഇ.യുടെ ഭാവിപദ്ധതികള്‍ നടപ്പാക്കാന്‍ സ്ത്രീകളുടെ സംഭാവനകള്‍ തുല്യരീതിയില്‍ ഉണ്ടാകണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തുല്യ ജോലിക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനം.