വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത് മുതല്‍ മൂന്ന് പോലീസുകാര്‍ മര്‍ദ്ദിച്ചു; ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഇപ്പൊ ശരിയാക്കി തരാമെന്ന് പറഞ്ഞ് എസ്.ഐ ഇടിക്കുകയായിരുന്നു; ക്രൂരമര്‍ദ്ദനം വിവരിച്ച് ശ്രീജിത്തിന്റെ സഹോദരന്‍

single-img
11 April 2018

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനും തനിക്കും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സഹോദരന്‍ സജിത്ത്. വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയപ്പോഴും സ്‌റ്റേഷനില്‍ വെച്ചും മര്‍ദ്ദനമുണ്ടായി. സ്‌റ്റേഷനില്‍ വെച്ച് എസ്.ഐയാണ് മര്‍ദ്ദിച്ചതെന്നും സജിത്ത് പറഞ്ഞു.

ഇന്ന് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കാനിരിക്കെയാണ് പൊലീസിനെതിരെ സജിത്തിന്റെ വെളിപ്പെടുത്തല്‍. വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയത് മുതല്‍ ജീപ്പില്‍വെച്ചടക്കം മര്‍ദ്ദനമുണ്ടായി. ആശുപത്രിയില്‍ പോകണമെന്ന് ശ്രീജിത്ത് പറഞ്ഞപ്പോള്‍ ഇപ്പൊ ശരിയാക്കി തരാമെന്ന് പറഞ്ഞ് എസ്.ഐ ഇടിക്കുകയായിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് പോലീസ് ഭീഷണിമുഴക്കിയെന്നും സജിത്ത് പറഞ്ഞു. വാസുദേവന്റെ വീട്ടില്‍ ആക്രമണം നടക്കുന്ന സമയം ഞാന്‍ പറവൂരും ശ്രീജിത്ത് വീട്ടില്‍ കിടന്നുറങ്ങുകയുമായിരുന്നുവെന്നും സജിത് വ്യക്തമാക്കി.

വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. ആളുമാറിയാണ് ശ്രീജിത്തിനെ പ്രതിയാക്കിയതെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്ന് സാക്ഷിമൊഴി നല്‍കിയെന്ന് പൊലീസ് അവകാശപ്പെടുന്ന പരമേശ്വരന്‍ പറഞ്ഞു. ശ്രീജിത്തും സംഘവുമാണ് മര്‍ദിക്കുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ല. ശ്രീജിത്ത് വാസുദേവനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് പരമേശ്വരന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരന്‍.

താന്‍ പൊലീസിനെ പോയി കാണുകയോ പൊലീസ് തന്നെ വന്നു കാണുകയോ ചെയ്തിട്ടില്ലെന്ന് പരമേശ്വരന്‍ പറഞ്ഞു. ഈ സംഭവം നടക്കുന്ന സമയത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്നും അവിടെ വെച്ചാണ് മര്‍ദ്ദനത്തെക്കുറിച്ച് അറിഞ്ഞതെന്നും പരമേശ്വരന്‍ പറഞ്ഞു.

സാക്ഷിമൊഴി കെട്ടിച്ചമച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് കൂടുതല്‍ പ്രതിരോധത്തിലായി. ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിനെതിരെയായിരുന്നു. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ചെറുകുടലിലും മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.

അതേസമയം, പരാതിക്കാര്‍ മൊഴി മാറ്റി പറയുകയാണെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ പേര് പരാതിയിലും മൊഴികളിലുമുണ്ടെന്ന് പറവൂര്‍ സിഐ ജി.എസ്.ക്രിസ്പിന്‍ സാം പറഞ്ഞു. ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്റെ വാദം. ശ്രീജിത്തിന് മര്‍ദനമേറ്റത് മരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ അടിപിടിക്കിടെയാണെന്നും പൊലീസ് പറയുന്നു.