പ്ലീസ്…ആരും ഭക്ഷണം കഴിച്ച് മാനം കെടുത്തരുത്: ഉപവാസ സമരത്തിനെത്തുന്ന പ്രവര്‍ത്തകരോട് കേണപേക്ഷിച്ച് ബിജെപി

single-img
11 April 2018

കഴിഞ്ഞ ദിവസം, ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് കോണ്‍ഗ്രസ് സമരത്തെ നാണക്കേടിലാക്കുകയും നേതാക്കളെ വേദിയില്‍ നിന്ന് ഇറക്കി വിടേണ്ട അവസ്ഥയുമുണ്ടാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നാണക്കേട് ഒഴിവാക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ബിജെപി നേതൃത്വം കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നാളെയാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകണ്ണുകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സമരത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമാന നിര്‍ദേശമുണ്ട്. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത്. പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേരും സൃഷ്ടിക്കരുതെന്നും ഡല്‍ഹിയില്‍ ബിജെപി എംപി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഓഫീസില്‍ത്തന്നെയാണ് ജോലിമുടക്കാതെ ഉപവസിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപിയുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും