റേഡിയോ ജോക്കി വധക്കേസ്: ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

single-img
11 April 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്.

കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു. ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിനെ കേസില്‍ പ്രതിചേര്‍ക്കും. ഇയാളെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് നാട്ടിലെത്തിക്കാന്‍ പൊലീസ് തീരുമാനിച്ചു. രാജേഷിനെ കൊല്ലാനായി സത്താര്‍ അലിഭായിക്ക് പണം നല്‍കിയിട്ടുണ്ടെന്ന് തെളിവ് ലഭിച്ചതോടെയാണ് തീരുമാനം.

എന്നാല്‍ പണം നല്‍കിയുള്ള ക്വട്ടേഷനല്ലെന്നും സത്താറിന്റെ കുടുബം തകര്‍ത്തതിലെ വൈരാഗ്യം മൂലം സുഹൃത്തിന്റെ വിഷമം കണ്ട് ചെയ്തതാണെന്നും അലിഭായി മൊഴിയില്‍ പറയുന്നു. ഇത് തെറ്റാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൊലനടത്താനായി ക്വട്ടേഷന്‍ കൊടുത്തതും പണം ചെലവാക്കിയതും അബ്ദുള്‍ സത്താറാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെയാണ് സത്താറിനെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക കേസ് മൂലം യാത്രാവിലക്കുള്ളതിനാല്‍ സത്താറിന്‌ ഇന്ത്യയിലേക്കെത്താനാകില്ല. ഈ സാഹചര്യത്തില്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതികളെ കൈമാറല്‍ നിയമപ്രകാരം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കുറ്റം ഏറ്റുപറഞ്ഞ അലിഭായിയുടെ മൊഴിക്കൊപ്പം കൊലയ്ക്ക് മുന്‍പും ശേഷവും സത്താര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘത്തിന് തെളിവാകും.

ക്വട്ടേഷന്‍ നല്‍കിയ ശേഷം അലിഭായിയുടെയും അപ്പുണ്ണിയുടെയും അക്കൗണ്ടിലേക്ക് സത്താര്‍ പണം കൈമാറിയെന്ന തെളിവ് അന്വേഷസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവ ചേര്‍ത്ത് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷമാവും ഇന്റര്‍പോളിനെ സമീപിക്കുക. അതേസമയം രണ്ടാം പ്രതിയാകേണ്ട അപ്പുണ്ണിയാണ് ഇനി പിടിയിലാകാനുള്ളത്. ഉടന്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.