‘പാര്‍ലമെന്റ് തടസ്സപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മോദിക്ക് തന്നെയാണ്; മോദിയുടെ ഉപവാസം സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍’

single-img
11 April 2018

പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ഉപവാസത്തിനെതിരേ തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്റും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്ത് നിരന്തരം ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവില്ലായ്മ മറച്ചുവെക്കുന്നതിനാണ് പ്രധാനമന്ത്രി ഇത്തരം തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ നിര്‍ണായകമായ പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിക്കാനുള്ള പ്രധാനമന്ത്രിയുടെ പരിഹാസ്യമായ തന്ത്രമാണിത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള പരാജയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇത്. പാര്‍ലമെന്റ് തടസ്സപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണ്’, ചന്ദ്രബാബു നായിഡു പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മോദിയുടെ ഉപവാസ സമരത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘തനിക്കു തന്നെ എതിരായി മോദി നടത്തുന്ന നിരാഹാര സമരം വളരെ നന്നായിരിക്കുന്നു’, എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് ജോലി മുടക്കാതെ മോദി ഉപവസിക്കുന്നത്. അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പി.യുടെ എല്ലാ എം.പി.മാരും നേതാക്കളും പങ്കെടുക്കുന്നുണ്ട്.