മഞ്ജു വാരിയര്‍ ചിത്രം ‘മോഹന്‍ലാലി’ന്റെ റിലീസിനു സ്റ്റേ

single-img
11 April 2018

തൃശൂര്‍: സാജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസിനു സ്റ്റേ. സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാറിന്റെ ഹര്‍ജിയില്‍ തൃശൂര്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ ഹര്‍ജി നല്‍കിയത്.

കഥയുടെ പകര്‍പ്പവകാശവും പ്രതിഫലവും നല്‍കണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടര്‍ന്നാണ് കലവൂര്‍ തൃശൂര്‍ ജില്ലാകോടതിയെ സമീപിച്ചത്. പകര്‍പ്പവകാശ നിയമനുസരിച്ചാണ് കേസുനല്‍കിയിത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ആവശ്യം.

2005ല്‍ പ്രസിദ്ധീകരിച്ച കഥയാണിത്. 2006ല്‍ പുസ്തകരൂപത്തില്‍ ആദ്യ എഡിഷന്‍ പുറത്തിറക്കി. 2012 ല്‍ രണ്ടാമത്തെ എഡിഷനും ഇറക്കിയെന്നാണ് കലവൂര്‍ പറയുന്നത്. വിഷു റിലീസായിട്ടാണു ചിത്രം പുറത്തിറങ്ങാനിരുന്നത്.

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് മോഹന്‍ലാലില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹന്‍ലാല്‍ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്.