കീഴാറ്റൂരില്‍ പുതിയ തന്ത്രവുമായി സി.പി.എം; വയല്‍ക്കിളികളെ അനുനയിപ്പിക്കാന്‍ പി.ജയരാജന്‍ സമരക്കാരുടെ വീടുകളിലെത്തി

single-img
11 April 2018

Support Evartha to Save Independent journalism

കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. വയല്‍ക്കിളികള്‍ ലോങ്മാര്‍ച്ച് ഉള്‍പ്പെടെ സമരം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനിടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം രംഗത്തിറങ്ങിയത്.

ഇതിനായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുടെ വീടുകള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. സമരത്തില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാമെന്ന ഉറപ്പും ജയരാജന്‍ സമരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയും ആര്‍.എസ്.എസും വയല്‍ക്കിളി സമരത്തില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. അത്തരം സന്ദര്‍ഭം ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ മറ്റ് സമരക്കാരെയും ബോധ്യപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ കീഴാറ്റൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ചിനു ഒരുങ്ങുകയാണ് സമരക്കാര്‍.

വയല്‍ മേഖലയിലൂടെ നിര്‍മിക്കുന്ന എലവേറ്റഡ് ഹൈവേയുടെ ഫണ്ട് കൊണ്ടുതന്നെ സുഗമമായി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലുള്ള ദേശീയപാത വികസിപ്പിച്ച് ഫ്‌ലൈഓവര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി പ്രശ്‌നത്തിന് പരിഹാരം കാണാമെന്നു വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

,