പൊലീസ് കസ്റ്റഡിയിലുള്ളവര്‍ ജീവനോടെ വരുമെന്ന് ഒരുറപ്പുമില്ലെന്ന് ഹസന്‍; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

single-img
11 April 2018

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കണ്ണില്‍പൊടിയിടാനാണ്. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

കേരളത്തില്‍ സമാധാനവാഴ്ച അവസാനിച്ചെന്നും ഹസന്‍ ആരോപിച്ചു. പൊലീസുകാര്‍ കസ്റ്റഡിയില്‍ എടുക്കുന്നവര്‍ ജീവനോടെ തിരികെ വരുമെന്ന് ഒരുറപ്പുമില്ലെന്നും ഹസന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാകുകയാണെന്നും വകുപ്പിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ആറ് കസ്റ്റഡി മരണങ്ങളും 23 രാഷ്ട്രീയ കൊലപാതാകങ്ങളും ഉണ്ടായെന്നും ഇതിന്റൊയൊക്കെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനും വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിക്കുമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കരുതെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.