സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി: ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

single-img
11 April 2018

കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത് നിറുത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറായി എം.ജി.രാജമാണിക്യത്തെ നിയമിച്ചതും ഹൈക്കോടയതി റദ്ദാക്കി.

ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജികളും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഹാരിസണ്‍ കമ്പനിയുടെ അപ്പീല്‍ ശരിവച്ചാണ് വിധി. സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്.

വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും അന്തിമവിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. വന്‍കിട കൈയ്യേറ്റക്കാരുടെ കൈവശമുള്ള റവന്യൂ ഭൂമി തിരിച്ചു പിടിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും ഹൈക്കോടതി ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേയും ഹര്‍ജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ ഗുരുതരമായി ബാധിക്കുന്ന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് വിവരം.

38,171 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നും ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

ഹാരിസണിന്റെ പക്കല്‍ നിലവിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തി ഇവ തിരിച്ചു പിടിക്കാന്‍ എം.ജി രാജമാണിക്യത്തെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ രാജമാണിക്യം സ്വീകരിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിച്ചു.