പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ: പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി

single-img
11 April 2018

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് മൂന്നംഗ ബെഞ്ച് വിധിച്ചു.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും കേസുകള്‍ കൈകാര്യം ചെയ്യാനും ബെഞ്ചുകള്‍ രൂപീകരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് ലഖ്‌നൗ സ്വദേശിയായ അശോക് പാണ്ഡേ ഹര്‍ജി നല്‍കിയത്. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും അശോക് പാണ്ഡെയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. കേസില്‍ കഴിഞ്ഞയാഴ്ച വാദം കേട്ടശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തിരുന്നു. എന്നാല്‍ ഹര്‍ജിയുള്‍പ്പെടെ തള്ളുന്ന സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം പ്രശ്‌ന പരിഹാരത്തിന് ചീഫ് ജസ്റ്റീസ് തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.