പ്രതിഷേധച്ചൂടറിഞ്ഞു; ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റി

single-img
11 April 2018

തമിഴ്‌നാട്ടില്‍ നടക്കുന്ന കാവേരി നദീജല പ്രക്ഷോഭത്തെ തുടര്‍ന്ന് 11ാം സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റി. ഡി.എം.കെ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷപാര്‍ട്ടികളും കര്‍ഷക തമിഴ് സംഘടനകളും മത്സരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

എന്നാല്‍ മത്സരങ്ങള്‍ ഏതു സ്റ്റേഡിയങ്ങളിലേക്കാണ് മാറ്റുകയെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വന്‍ പൊലീസ് സുരക്ഷയോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മാച്ച് നടന്നത്.

സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ, ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിനു പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മല്‍സരങ്ങള്‍ക്കു വേദിയാകാന്‍ തിരുവനന്തപുരത്തിനു വീണ്ടും സാധ്യത തെളിഞ്ഞു.

ചെന്നൈയിലെ ആദ്യ മല്‍സരത്തിനു മുന്നോടിയായി വേദിമാറ്റം പരിഗണിച്ച അവസരത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സാധ്യത തേടി ബിസിസിഐയും സിഎസ്‌കെ മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ സമ്പൂര്‍ണ സമ്മതമറിയിച്ച കെസിഎ, തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുകൊടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.