കടം നല്‍കിയവര്‍ തേടിയെത്താന്‍ തുടങ്ങി; അഭിനയത്തിലേക്ക് മടങ്ങാതെ ജീവിക്കാനാവില്ലെന്ന് ചാര്‍മിള

single-img
11 April 2018

കടബാധ്യത മൂലം ജീവിതം പൊറുതിമുട്ടുകയാണെന്ന് നടി ചാര്‍മിള. സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 43 സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലും നായിക ആയിരുന്നു.

ഇതിലൂടെ നല്ലൊരു സമ്പാദ്യം എനിക്കുണ്ടായി. എന്നാല്‍ സമ്പാദ്യമെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ച് തീര്‍ത്തു. അടുത്തിടെയാണ് ഭര്‍ത്താവ് രാജേഷുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. അതോടെ ഞാന്‍ കൂടുതല്‍ ഒറ്റപ്പെട്ടു. മകന്റെ ജീവിതത്തെ മോശമായി ബാധിക്കരുതെന്ന് കരുതിയാണ് പിരിയേണ്ടെന്ന് ആദ്യം തീരുമാനിച്ചത്.

പക്ഷേ ഒരു ഘട്ടത്തില്‍ പിരിയേണ്ടതായി വന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന ഫ്‌ലാറ്റ് വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ചെന്നൈയിലെ വിരുഗംപാക്കത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ചുറ്റും കടക്കാരാണ്. ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ കടം തന്നവര്‍ എന്നെ തേടിയെത്തും.

തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ് മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത്”, ചാര്‍മിള പറയുന്നു. ‘ഇപ്പോള്‍ അഭിനയിച്ചാല്‍ മാത്രമേ എനിക്ക് ജീവിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

വിക്രമാദിത്യന്‍ സിനിമയിലെ അമ്മ വേഷത്തിനുശേഷം ഒരുപാട് സീരിയലുകള്‍ തേടിയെത്തി. അതില്‍നിന്നും കിട്ടുന്ന വരുമാനമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മകന്‍ വലുതാകുമ്പോഴേക്കും എല്ലാം ശരിയാക്കണം. എവിടെയെങ്കിലും സെറ്റില്‍ ചെയ്യണം” ചാര്‍മിള പറഞ്ഞു.

ധനം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചാര്‍മിള ചലച്ചിത്ര ലോകത്ത് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ചാര്‍മിള 1995ല്‍ കിഷോര്‍ സത്യയെ വിവാഹം ചെയ്തു. 1999ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2006ലായിരുന്നു രാജേഷുമായുള്ള വിവാഹം. 2016ല്‍ ഇരുവരും വിവാഹമോചിതരായി.