പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എംഡി; ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കാനും മന്ത്രിസഭാ തീരുമാനം

single-img
11 April 2018

സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ ആസ്തി ബാദ്ധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. യുഡിഎഫ് ഭരണത്തിലാണ് കോളേജുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോളേജിന്റെ ബാധ്യതകള്‍ മൂലം തീരുമാനം നടപ്പിലാക്കാനായിരുന്നില്ല. പരിയാരം കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു.

കൊച്ചി മെഡിക്കല്‍ കോളേജിന്റെ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതികള്‍ നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.

ഇതിനിടെ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തേക്ക് ടോമിന്‍ ജെ.തച്ചങ്കരിയെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ചുമതലയും തച്ചങ്കരിക്കുണ്ടാകും. കെ.എസ്.ആര്‍.ടി.സി, സിഎംഡിയായിരുന്ന എ.ഹേമചന്ദ്രന്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായി തിരിച്ചെത്തും.