നോട്ട് നിരോധനത്തിന്റെ ഗുണം ലഭിച്ചത് ബിജെപിക്കോ?: നോട്ട് നിരോധന വര്‍ഷം ബിജെപിക്ക് സംഭാവനയായി കിട്ടിയത് 1034 കോടി രൂപ

single-img
11 April 2018

നോട്ട് നിരോധന വര്‍ഷം ബിജെപിയുടെ വരുമാനം 1034 കോടി രൂപയെന്ന് കണക്കുകള്‍. രാജ്യത്തെ ഏഴു ദേശീയ പാര്‍ട്ടികളുടെ 2016-17 ലെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനം വരും ബിജെപിയുടെ മാത്രം സമ്പാദ്യം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ സാമ്പത്തിക മേധാവിത്വം വിശദീകരിക്കുന്നത്.

2015-16 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ചത് 570.86 കോടി രൂപയായിരുന്നു. എന്നാല്‍ 81.18 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2016-17 ല്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് ലഭിച്ച ആകെ തുകയില്‍ നിന്നും 606.64 കോടി രൂപയും ചെലവഴിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആകട്ടെ തെരഞ്ഞെടുപ്പിന് ചെലവാക്കിയത് 149.65 കോടി രൂപ മാത്രമാണ്. ബിജെപിയ്ക്ക് ലഭിച്ച വരുമാനത്തിന്റെ സിംഹഭാഗവും ‘സന്നദ്ധ സംഭാവനകള്‍’ വഴിയാണെന്നാണു കണക്കുകള്‍. 997.12 കോടി രൂപ(മൊത്തം വരുമാനത്തിന്റെ 96.41 ശതമാനം) യാണു ബിജെപിയ്ക്ക് സന്നദ്ധ സംഭാവനയായി ലഭിച്ചത്. പണക്കൊഴുപ്പിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് പുറത്തു വന്ന ഈ കണക്കുകള്‍.

അതേസമയം ഏഴു ദേശീയ പാര്‍ട്ടികളില്‍ വരുമാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് സിപിഐയാണ് 2.08 കോടി രൂപ (മൊത്തം വരുമാനത്തിന്റെ 0.13%). ഏറെ ശ്രദ്ധേയമായ വസ്തുത, വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് സി പി എം ആണ് എന്നതാണ്. മാത്രവുമല്ല, ബി ജെ പിയുമായി അവര്‍ക്ക് വരുമാനത്തില്‍ വലിയ അന്തരവുമില്ല.

2016-17 ല്‍ സിപിഎമ്മിന്റെ വരുമാനം 1002 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വരുമാനം 225 കോടി രൂപയാണ്. നാലാം സ്ഥാനം ബിഎസ്പിക്കാണ് 173 കോടി. എന്‍സിപി 17 .25 കോടി, തൃണമൂല്‍ കോണ്‍ഗ്രസ്സ് 6 .30 കോടി, എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.

ബിഎസ്പി വരുമാനത്തിന്റെ 70 ശതമാനവും ബിജെപിയും സിപിഐയും 31 ശതമാനവും സിപിഎം ആറു ശതമാനവും മിച്ചംവച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷന് കണക്കുകള്‍ നല്‍കുന്നത് 24 എ എന്ന ഫോം പൂരിപ്പിച്ചാണ്.

എന്നാല്‍ പല പാര്‍ട്ടികളും അപൂര്‍ണ്ണമായാണ് ഫോം പൂരിപ്പിച്ചിരിക്കുന്നത്. ഇത് അനുവദിക്കരുതെന്നും 20,000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രേഖപെടുത്തണമെന്നും എ ഡി ആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്.